വാഷിംഗ്ടണ്‍: ഒറ്റ വിക്ഷേപണത്തിലൂടെ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ട അമേരിക്കയെ ഞെട്ടിച്ചു. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തേക്ക് ട്രംപ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഡാന്‍ കോട്സ് ആണ് ഇന്ത്യയുടെ ചരിത്രവിജയം കണ്ട് ഞെട്ടിയത്.
'ഇന്ത്യയുടെ ചരിത്ര നേട്ടത്തിന്റെ വാര്‍ത്ത വായിച്ച് ഞാന്‍ ശരിക്കും ഞെട്ടി. ഇനി അമേരിക്കയ്ക്ക് മടിച്ചു നില്‍ക്കാനാവില്ല'-മുന്‍ സെനറ്റര്‍ കൂടിയായ ഡാന്‍ കോട്സ് പറഞ്ഞു. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴാണ് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ഐഎസ്ആര്‍ഒയുടെ നേട്ടത്തെക്കുറിച്ച് കോട്സ് പരാമര്‍ശിച്ചത്. ഇന്ത്യ വിക്ഷേപിച്ചത് ചെറിയ ഉപഗ്രഹങ്ങളായിരിക്കാം. എന്നാലും ഒറ്റ റോക്കറ്റില്‍ ഇത്രയും ഉപഗ്രങ്ങള്‍, അത് 104 പ്ലാറ്റ്ഫോമുകളാണെന്ന് ഓര്‍ക്കണം-കോട്സ് പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേധാവിയായാണ് ഡാന്‍ കോട്സ് വരുന്നത്.
ഉപഗ്രഹ വിക്ഷേപണ രംഗത്ത് കഴിഞ്ഞ മാസമാണ് ഇന്ത്യ ചരിത്രനേട്ടം കുറിച്ചത്. 104 ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയത്. പി.എസ്.എല്‍.വി - സി മുപ്പത്തേഴ് വിക്ഷേപണവാഹനം അരമണിക്കൂര്‍ കൊണ്ട് നൂറ്റിനാല് ഉപഗ്രഹങ്ങളേയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് സമാനതകളില്ലാത്ത നേട്ടമായിരുന്നു ഇന്ത്യയുടേത്.
ഏഴുരാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍ അരമണിക്കൂറിനുള്ളില്‍ നിശ്ചയിച്ച ഭ്രമണപഥങ്ങളിലെത്തി. അമേരിക്കയുടെ 96 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് - സിയും ഇതിലുള്‍പ്പെടും. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ച റഷ്യയുടെ റെക്കോര്‍ഡാണ് ഐഎസ്ആര്‍ഒ മറികടന്നത്. അതും മൂന്നിരട്ടി വ്യത്യാസത്തില്‍.
