മണല്‍ മാഫിയക്കെതിരെ റിപ്പോര്‍ട്ട്: മാധ്യമപ്രവര്‍ത്തകനെ ലോറി കയറ്റി കൊന്നു-വീഡിയോ

ദില്ലി: മണല്‍ മാഫിയയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയ മധ്യമപ്രവര്‍ത്തകനനെ ലോറിയിടിച്ച് കൊലപ്പെടുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സന്ദീപ് ശര്‍മയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ കോട്വാലയിലാണ് സംഭവം. ദേശീയ ചാനല്‍ റിപ്പോര്‍ട്ടറായ സന്ദീപ് മണല്‍ മാഫിയക്കെതിരെ നിരന്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് വധഭീഷണിയുള്ളതായി പൊലീസ് പരാതി നല്‍കുകയും ചെയ്തിരുന്നു. 

എന്നാല്‍ തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോവുകയായിരുന്ന സന്ദീപിന്‍റെ ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്ന സന്ദീപിന്‍റെ ബൈക്കിന് പിന്നിലായി വന്ന ലോറി പെട്ടെന്ന് ഇടതുവശത്തേക്ക് ചേര്‍ത്ത് ബൈക്കില്‍ കയറ്റി ഇറക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബൈക്കില്‍ ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോട്വാലി പെലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.