പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നത് പുഴുവരിച്ച ഗോതമ്പ്. ഒലവക്കോട് എഫ്‌സിഐ ഗോഡൗണില്‍ നിന്ന് കൊണ്ടുവന്നതാണ് ഈ ഗോതമ്പ്.
അംഗനവാടികള്‍ വഴി വിതരണം ചെയ്യുന്ന പോഷകാഹാര പൊടി നിര്‍മിക്കാന്‍ ഈ മാസം 20 നാണ് ഗോതമ്പിറക്കിയത്. കുടുംബശ്രീ സംഘങ്ങള്‍ ഗോതമ്പ് മറ്റു വസ്തുക്കളുമായി ചേര്‍ത്താണ് പൊടി നിര്‍മിക്കുന്നത്. ഇതിനായി താവളത്തെ തേജസ് കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ ഗോഡൗണിലേത്തിയപ്പോഴാണ് ചാക്കിലും പുറത്തും, ചുവരിലുമൊക്കെ പുഴുക്കളുടെ വലിയ കൂട്ടത്തെ കണ്ടത്.ഇതേത്തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി. പഴക്കമുള്ള ഗോതമ്പാണിതെന്നും, തിരിച്ചെടുക്കാന്‍ എഫ്‌സിഐ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
തീര്‍ത്തും ഉപയോഗ ശൂന്യമായ ഗോതമ്പാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അട്ടപ്പാടിയിലെ 172 അംഗന്‍വാടിയിലേക്കുമുള്ള പോഷകാഹാരം നിര്‍മിക്കാനുളള ഗോതമ്പാണിത്. അട്ടപ്പാടിയില്‍ മുന്‍പും പഴയിയ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്

90 ചാക്കുകളിലായി ഉപയോഗ ശൂന്യമായ 9400 കിലോഗ്രാം ഗോതമ്പാണ് കൊണ്ടുവന്നത്.ആദിവാസികള്‍ക്കിടയിലെ പോഷകാഹരക്കുറവ് പരിഹരിക്കാന്‍ അധികൃതരും പൊതു സമൂഹവും പരിശ്രമിക്കുമ്പോഴാണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത ഉല്‍പ്പന്നങ്ങള്‍ ഇവിടേക്ക് കയറ്റിവിടുന്നത്.
