വിവാഹ ചടങ്ങിന് ശേഷം നടന്ന പാര്‍ട്ടിയില്‍ ഐസ്ക്രീം തികയാതെ വന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എസ്ഐമാര്‍ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇരു വീട്ടുകാരും തമ്മിലുണ്ടായ അടിപിടിക്കും കല്ലേറിനും ഒടുവില്‍ വിവാഹം തന്നെ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മതുറ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം വിളന്പിയപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് ഐസ്ക്രീം കിട്ടിയില്ല. ഇത് പറഞ്ഞ് ഇരു കൂട്ടര്‍ക്കുമിടയില്‍ ഉടലെടുത്ത മുറുമുറുപ്പ് പതുക്കെ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരും സംഘടിച്ച് പരസ്പരം അടിതുടങ്ങി.

സംഘര്‍ഷം കൈവിട്ട് പോയതോടെ വരന്റെ വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വധുവിന്റെ ബന്ധുക്കളായ ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്ന് എസ്‍പി അരുണ്‍ സിങ് പറഞ്ഞു.പൊലീസ് നടപടിയില്‍ കുപിതരായ പെണ്‍വീട്ടുകാര്‍ പൊലീസിനെ അക്രമിച്ചു. സ്ത്രീകളടക്കളടക്കമുള്ള വലിയൊരു സംഘം പൊലീസിനെ കല്ലെറിയുകയും പ്രദേശത്ത് കൂടിയുള്ള റോഡ് ഉപരോധിക്കുകയും ചെയ്തു. കല്ലേറിലാണ് രണ്ട് എസ്‍ഐമാര്‍ക്കും ഒരു കോണ്‍സ്റ്റബിളിനും പരിക്കേറ്റത്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് റോഡ് ഉപരോധിച്ചവരെ പിരിച്ചുവിട്ടത്. ഇരു കൂട്ടരും നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിനൊടുവില്‍ വധുവിനെ സ്വീകരിക്കാതെ വരന്റെ വീട്ടുകാര്‍ മടങ്ങി.