Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ പി ജയരാജന്‍

ആര്‍എസ്എസ് സംഘപരിവാര്‍ ഭീകര സംഘടനയാണ്. സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക സംഘങ്ങളാണെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

should take action on media attack says e p jayarajan
Author
Thiruvananthapuram, First Published Jan 3, 2019, 4:48 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. തലസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യുവിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി അന്വേഷണം ഉറപ്പ് നല്‍കിയത്. 

ആര്‍എസ്എസ് സംഘപരിവാര്‍ ഭീകര സംഘടനയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക സംഘങ്ങളാണ്. ആ സംഘത്തെ ഉപയോഗിച്ച് കൊള്ളയും കൊലയും നടത്തുകയാണ്. നിരവധി കടകള്‍ കൊള്ളയടിച്ചു. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനാണ് ഹര്‍ത്താലെന്നും ഇ പി പറഞ്ഞു. 

ക്രിമിനല്‍ സംഘം നടത്തുന്നത് പുറംലോകം അറിയാതിരിക്കാന്‍ ആണ് മാധ്യമങ്ങളെ ആക്രമിക്കുന്നത്. മാധ്യമങ്ങളിലൂടെ അക്രമികളെ കണ്ടെത്താമെന്നിരിക്കെ മാധ്യമങ്ങളെ ആക്രമിച്ചാല്‍ സുരക്ഷിതമാകുമെന്നാണ് അവര്‍ കരുതുന്നത്. മാധ്യമങ്ങള്‍ക്കെതിരായ അക്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ആശുപത്രികള്‍ പോലും ആക്രമിച്ചു. സാമാന്യ ബുദ്ധിയുള്ളവര്‍ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുമോ എന്നും ഇ പി ചോദിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് അക്രമികൾ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. സ്ഥലത്തുള്ള പന്തലുകളും സിപിഎമ്മിന്‍റെ ഫ്ലക്സുകളും തല്ലിത്തകർക്കുന്ന ദൃശ്യങ്ങളെടുക്കവെ ക്യാമറാമാൻ ബൈജുവിനെ പ്രവർത്തകർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. 

ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാർച്ച് നടത്തുന്ന ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios