ശ്രദ്ധ ശശിധർ ലോക സൗന്ദര്യമൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും
ലോക സൗന്ദര്യമൽസരത്തിൽ ബംഗളുരുവിൽ നിന്നുള്ള ശ്രദ്ധ ശശിധർ ഇന്ത്യയെ പ്രതിനിധീകരിക്കും. യമഹ ഫാസിനോ മിസ് ദിവ മിസ് യൂനിവേഴ്സ് ഇന്ത്യ മൽസരത്തിൽ കിരീടമണിഞ്ഞാണ് ശ്രദ്ധ അമേരിക്കയിൽ നവംബർ 26ന് നടക്കുന്ന ലോക മൽസരത്തിലേക്ക് അർഹത നേടിയത്.
ഇന്ത്യൻ മൽസരത്തിൽ വിജയിയായ ശ്രദ്ധയെ ബോളിവുഡ് താരം ഷാഹിദ് കപൂർ കിരീടമണിയിച്ചു. മുൻ ലോക സുന്ദരിയും നടിയുമായ ലാറ ദത്ത, നടൻ രാജ്കുമാർ റാവു, സിനിമാ സംവിധായകൻ കബീർ ഖാൻ, ബോക്സിങ് താരം വിജേന്ദർ സിങ്, 2016ലെ ലോക സുന്ദരി ഐറിസ് മിറ്റനയർ എന്നിവർ അടങ്ങിയതായിരുന്നു ജഡ്ജിങ് പാനൽ.
അത്ഭുതകരമായ ദൗത്യമായിരുന്നു ഇതെന്ന് ലാറ ദത്ത പറഞ്ഞു. എല്ലാ മൽസരാർഥികളും അവരുടെ വീക്ഷണത്തിൽ വിജയികളാണ്. എന്നിരുന്നാലും ഒരു വിജയിയെ ആവശ്യമാണ്. 15 പേരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കൽ ബുദ്ധിമുട്ടേറിയതായിരുന്നു. ഒാരോരുത്തരും മികച്ച പ്രതിഭകളും വാഗ്ദാനങ്ങളുമാണെന്നും ലാറ പറഞ്ഞു.