ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു.
ദില്ലി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാർക്കാകെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ വളരെ മുന്നിൽ എത്തിയെന്നും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്പെയ്സ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ നമോ ആപ്പ് വഴി സമർപ്പിക്കാനും മോദി ആവശ്യപ്പെട്ടു.
12 മറാത്ത കോട്ടകൾ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതും മോദി വിശദീകരിച്ചു. കൈത്തറി, ചരിത്ര ഗ്രന്ഥങ്ങളുടെ സംരക്ഷണം, ശുചിത്വമിഷൻ എന്നീ വിഷയങ്ങളെക്കുറിച്ചും മോദി മൻകീബാത്തിൽ പരാമർശിച്ചു. വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി മെഡലുകൾ നേടിയ വിജയികൾക്ക് ആശംസകൾ അറിയിച്ചാണ് മോദി മൻ കി ബാത്ത് അവസാനിപ്പിച്ചത്. 2029 ലെ വേൾഡ് പൊലീസ് ആൻഡ് ഫയർ ഗെയിംസ് ഇന്ത്യയിൽ നടക്കുമെന്നും മോദി മൻ കി ബാത്തിലൂടെ അറിയിച്ചു.
