കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബിന് വധിച്ച കേസില്‍ കസ്റ്റഡയിലുള്ള രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിജെപി പ്രവര്‍ത്തകനായ കക്കയങ്ങാട് വിനീഷിനെ വധിച്ച കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്ന് രാവിലെ പോലീസില്‍ കീഴടങ്ങിയ ഇവരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്ലിന് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും നേരം ജില്ലാ പോലീസ് ആസ്ഥാനാത്തുണ്ടായിരുന്ന പ്രതികളെ അല്‍പസമയം മുന്‍പ് മട്ടന്നൂരിലേക്ക് കൊണ്ടു പോയി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന. 

ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇതിനോടകം പോലീസിന് ലഭിച്ചുവെന്നാണ് പുറത്തു വരുന്ന സൂചന. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളുമടക്കം സുപ്രധാനമായ തെളിവുകളുടെ പിന്‍ബലത്തിലാണ് ആകാശിന്റേയും റിജിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.