തിരുവനന്തപുരം:കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പി.ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിഷേധിച്ച് ഷുഹൈബിന്‍റെ പിതാവ്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ഷുഹൈബിന്‍റെ പിതാവ് പ്രതികരിച്ചത്. മകന്‍ കുറ്റവാളിയല്ലെന്നും ഷുഹൈബ് കൊടുംകുറ്റവാളിയാണെന്ന പി.ജയരാജന്‍റെ പരാമര്‍ശം തെറ്റാണെന്നും പിതാവ് പറഞ്ഞു. ഷുഹൈബിന് വധഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റുകേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഷുഹൈബിന്‍റെ പിതാവ് വ്യക്തമാക്കി. ആശ്വാസവാക്കുകള്‍ പറയാന്‍ പോലും സിപിഎം നേതാക്കള്‍ വിളിച്ചില്ല. വിവരങ്ങള്‍ തേടി പൊലീസ് എത്തിയത് ഇന്നലെ മാത്രമാണെന്നും ഷുഹൈബിന്‍റെ പിതാവ് പറഞ്ഞു.

ഷുഹൈബ് സ്ഥിരം കുറ്റവാളിയെന്നും പൊതുജനസമാധാനത്തിന് തടസമായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേര്‍ക്കുനേര്‍ പരിപാടിയിലാണ് ജയരാജന്‍റെ പ്രതികരണം