കൊലയാളി സംഘത്തില്‍ നാല് പേര്‍ ദൗത്യം ഏല്‍പ്പിച്ചത്  സജ്ജാദ് ഗുലിനെ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

ദില്ലി: ജമ്മുകശ്മീരിലെ മാധ്യമപ്രവർത്തകൻ ഷുജാഅത്ത് ബുഖാരിയുടെ കൊലപാതകം ലെഷ്കറെ തൊയ്ബ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് കശ്മീർ പൊലീസ്. ബുഖാരിയെ കൊല്ലാൻ ഗൂഢാലോചന നടന്നത് പാകിസ്ഥാനിലെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തില്‍ പങ്കെടുത്ത നാല് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഒരാൾ പാകിസ്ഥാനിലേക്ക് കടന്നെന്ന് പൊലീസ്.

മൂന്ന് പാക്കിസ്ഥാന്‍ പൗരന്‍മാരും ശ്രീനഗര്‍ സ്വദേശിയുമാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് കശ്മീര്‍ ഐജി എസ് പി പാനി അറിയിച്ചു. ഭീകരസംഘടനയായ ലെഷ്കര്‍ തൊയബയുടെ തലവന്‍ ഹാഫിസ് സയ്യിദാണ് കൊലപാതകം ആസൂത്രണം ചെയ്തത്. റമസാനില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ അനുകൂലിച്ചതാണ് പ്രകോപനം. മാത്രമല്ല, കശ്മീര് പ്രശ്നം സമാധാനാപരമായി പരിഹരിക്കുന്നതിനുളള പിന്‍വാതില്‍ ചര്‍ച്ചകളില്‍ ഷുജാഅത്ത് ബുഖാരി പങ്കെടുത്തതും കാരണമായി. സജ്ജാദ് ഗുല്‍ എന്നയാളെയാണ് ദൗത്യം ഏല്പ്പിച്ചത്. 

ശ്രീനഗര്‍ സ്വദേശിയായ സജ്ജാദ് ,ബംഗ്ലൂരുവില്‍ നിന്ന് എംബിഎ കരസ്ഥമാക്കിയ ശേഷമാണ് ലെഷ്കറെ തൊയിബയില്‍ചേര്‍ന്നത്. സംഘത്തിലെ മറ്റ് മൂന്ന് പേരെ തെരഞ്ഞെടുത്തതും സജ്ജാദായിരുന്നു. കൊലപാതകത്തിന് ശേഷം സജ്ജാദ് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. മറ്റ് മൂന്ന് പേരും കശ്മീരില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്‍റെ വിശ്വാസം. കഴിഞ്ഞ 14 നാണ് ഷുജാഅത്ത് ബുഖാരി വധിക്കപ്പെട്ടത്., റൈസിംഗ് കശ്മീര്‍ പത്രത്തിന്‍റെ പത്രാധിപരായിരുന്ന ബുഖാരിയെ ഒഫീസിന് മുന്നില്‍വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.