കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ. വിചാരണ കൊച്ചി സിബിഐ സ്പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്നാണ് സിബിഐ ആവശ്യം. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന്  കോടതിയിൽ സിബിഐ വാദിച്ചു. 

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ സിബിഐ ആവശ്യം പ്രതിഭാഗം ശക്തമായി എതിർത്തു. നേരത്തെ സിബിഐ ആവശ്യപ്പെട്ട പ്രകാരമാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറിയതെന്നും ഇനിയും വിചാരണ കോടതി മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.  

ടി വി രാജേഷ് എംഎൽഎയും സിപിഎം  ഏരിയാ സെക്രട്ടറി പി പി സുരേഷനും അടക്കം കേസിലെ 28 മുതൽ 32 വരെയുള്ള പ്രതികൾ കോടതിയിൽ  വിടുതൽ ഹർജി സമർപ്പിച്ചു. കൂടുതൽ വാദം കേൾക്കാനായി കേസ് ഈ മാസം 19 ലേക്ക് മാറ്റി. 

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നും ഷുക്കൂറിന്‍റെ സഹോദരൻ  ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.