ദില്ലി: ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെവിടെയും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം, ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഏതാനും ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്യുന്നു.
ആധാര്‍ പദ്ധതി സ്വകാര്യതയുടെ ലംഘനമാണെന്നും 17 ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കുമെന്നു വ്യക്തമാക്കി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി, ബാലാവകാശ പ്രവര്‍ത്തക ശാന്ത സിന്‍ഹ, കല്യാണി സെന്‍ മേനോന്‍ തുടങ്ങിയവര്‍ നല്‍കിയ 22 ഹര്‍ജികള്‍ കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഈ മാസം അവസാനവാരമാണ് ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങുന്നത്. ആധാറിന്റെ സാധുത സംബന്ധിച്ച സുപ്രധാന തീരുമാനം ഭരണഘടനാ ബെഞ്ചാകും സ്വീകരിക്കുക.
