അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യഥാര്‍ത്ഥ ഹിന്ദു എല്ലാ ഇന്ത്യക്കാരേയും സഹോദരീ സഹോദരന്മാരായി കാണുന്നവരാണ്. യഥാര്‍ത്ഥ ഹിന്ദുക്കള്‍ മറ്റുളളവരുടെ വികാരം വെളിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളില്‍ രാഷ്ട്രീയം കാണാന്‍ യഥാര്‍ത്ഥ ഹിന്ദുവിന് ആകില്ലെന്നും കപില്‍ സിബല്‍ പറയുന്നു.
നരേന്ദ്ര മോദി ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിച്ചയാളാണെന്നും ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി കാണാതെ പോവുന്നതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. സോമനാഥ് ക്ഷേത്രത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍.
