ടോക്‌സിനുകളും ആന്റിവെനങ്ങളും നിര്‍മിക്കുന്ന കമ്പനികളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന വസ്തുതകളും. മൃഗങ്ങളില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കുന്ന കമ്മറ്റി ഫോര്‍ ദ പര്‍പ്പസ് ഓഫ് കണ്‍ട്രോള്‍ ആന്‍റ് സൂപ്പവിഷന്‍ ഓഫ് എക്‌സ്‌പെരിമെന്റ്സ് ഓണ്‍ അനിമല്‍സില്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണ്ടെത്തിയ വസ്തുതകള്‍ ഇങ്ങനെയാണ്...
ലബോറട്ടറി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കുതിര, കഴുത, കോവര്‍ കഴുത എന്നിവയില്‍ നിന്ന് അനുവദനീയമായ അളവിലും കൂടുതല്‍ രക്തം എടുക്കുന്നുണ്ട്. രക്തം എടുക്കുമ്പോള്‍ പാലിക്കേണ്ട രീതികളും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇതോടെ മനുഷ്യരുടെ സാമീപ്യം തന്നെ ഭയക്കുന്ന അവസ്ഥയിലായി ഈ
മൃഗങ്ങള്‍. 

മോശമായ ദന്ത പരിചരണം, ദഹന നാളിയുടെ രോഗങ്ങള്‍, കാലുകളിലേയും ശരീരത്തിലേയും വ്രണങ്ങള്‍, വട്ടച്ചൊറി പോലുള്ള ചര്‍മ രോഗങ്ങള്‍ എന്നിവയും ഇത്തരം മൃഗങ്ങളില്‍ കണ്ടെത്തി. വൃത്തിഹീനമായ വെള്ളം കെട്ടി നില്‍ക്കുന്ന ഷെഡുകളില്‍, അവയുടെ തന്നെ മല മൂത്ര വിസര്‍ജ്യത്തില്‍ കഴിയേണ്ട അവസ്ഥയാണ്. ആരോഗ്യമുള്ളവക്കൊപ്പം രോഗം ബാധിച്ചവയേയും നിര്‍ത്തുന്നത് പകര്‍ച്ച വ്യാധികള്‍ക്കിടയാക്കുമെന്നും പരിശോധന സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു പല മൃഗങ്ങള്‍ക്കും ആവശ്യത്തിന് ഭക്ഷണമോ പരിചരണോ കിട്ടുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ People for the Ethical Treatment of Animals കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.