ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശിയിൽ പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ രോഗികളാണ്. മരിച്ച പാരമ്പര്യവൈദ്യൻ നടത്തിയിരുന്ന വൈദ്യശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമായി പാരമ്പര്യ ഒറ്റമൂലികളിൽ നിന്ന് നിർമ്മിച്ച മരുന്ന് എന്നവകാശപ്പെട്ടാണ് മുത്തുപാണ്ടിയെന്ന പാരമ്പര്യവൈദ്യൻ തിരുനെൽവേലിയ്ക്കടുത്തുള്ള തെങ്കാശിയിൽ വൈദ്യശാല നടത്തിയിരുന്നത്.
പാരമ്പര്യവൈദ്യത്തിൽ ബിരുദമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഈ മരുന്നിന്റെ ഗുണഫലങ്ങൾ പ്രദർശിപ്പിയ്ക്കാനായാണ് മുത്തുപാണ്ടി ഒരു മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്. ഈ ക്യാംപിൽ വെച്ചാണ് ഇയാൾ മൂന്ന് രോഗികൾക്ക് മരുന്ന് നൽകി പരീക്ഷണം നടത്തിയത്.ആളുകളെ വിശ്വസിപ്പിയ്ക്കാൻ ഈ മരുന്ന് ഇയാൾ സ്വയം കഴിയ്ക്കുകയും ചെയ്തു. മരുന്ന് കഴിച്ച് നിമിഷങ്ങൾക്കകം തളർന്നു വീണ മുത്തുപാണ്ടിയടക്കം നാല് പേരെയും നാട്ടുകാർ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
തെങ്കാശിയിലെ അളഗപ്പപുരം സ്വദേശികളായ ഇരുളാണ്ടിയും ബാരസുബ്രഹ്മണ്യനുമാണ് മരിച്ച മറ്റ് രണ്ട് പേർ. ഒരാൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുത്തുപാണ്ടി നടത്തിയിരുന്ന വൈദ്യശാലയ്ക്ക് ലൈസൻസുൾപ്പടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
