അമേരിക്കയില്‍ ഐ ടി ഉദ്യോഗസ്ഥനായ സിഖ് വംശജന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ശേഷം മതപരമായ തലക്കെട്ട് അഴിക്കുകയും, മുടി മുറിക്കുകയും ചെയ്‌തു. 41 വയസുകാരനായ മാന്‍ സിങ് ഖല്‍സയെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു സംഭവം. കാലിഫോര്‍ണിയയിലെ പ്രമുഖ ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനായ മാന്‍ സിങ് ഖല്‍സ രാത്രിയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് കാറില്‍ മടങ്ങവെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം ആളുകള്‍ കാറിലേക്ക് ബീയര്‍ കുപ്പി വലിച്ചെറിഞ്ഞു. നിര്‍ത്താതെ ഓടിച്ചുപോയപ്പോള്‍, അവര്‍ പിന്തുടര്‍ന്ന് വന്നാണ് മാന്‍ സിങ് ഖല്‍സയെ ആക്രമിച്ചത്. മുഖത്തും കൈകാലുകള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റ മാന്‍ സിങ് ഖല്‍സയ്‌ക്ക് കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വംശീയാധിക്രമണമാണ് തനിക്കു നേരെ ഉണ്ടായതെന്ന് മാന്‍ സിങ് പറയുന്നു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ആക്രമണം നടത്തിയത്. തലക്കെട്ട് അഴിക്കണമെന്നും മുടി മുറിക്കണമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. അതിനുശേഷം തലക്കെട്ട് അഴിച്ചുകളയുകയും ഒരു കത്രിക ഉപയോഗിച്ച് മുടി മുറിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.