ആലപ്പുഴ: ചെറുതന പഞ്ചായത്തില്‍ സിലിക്ക മണല്‍ തോന്നും പോലെ കടത്തിക്കൊണ്ടുപോയതിലൂടെ പഞ്ചായത്തിന് എട്ട് കോടിയിലേറെ രൂപയുടെ നഷ്ടമെന്ന് ഓ‍ഡിറ്റ് റിപ്പോര്‍ട്ട്. മണല്‍ അളന്നതില്‍ വ്യാപക ക്രമക്കേടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ കരാറുകാരന്‍ അട്ടിമറിച്ചതോടെയാണ് ഭീമമായ നഷ്ടം മണല്‍ക്കടത്തിലുണ്ടായത്.

കൊല്ലം കോട്ടപ്പുറം ദേശീയ ജലപാത ഡ്രഡ്ജ് ചെയ്ത മണല്‍ സൂക്ഷിക്കാനൊരിടം. അതും ആറുമാസത്തേക്ക്. ഇത് മാത്രമായിരുന്നു സ്ഥലമുടയുമായി പഞ്ചായത്ത് വെച്ചിരിക്കുന്ന കരാര്‍. ആറ് മാസമെന്നത് നാല് കൊല്ലമായപ്പോള്‍ ഈ പാടശേഖരത്തില്‍ കൂറ്റന്‍ മോട്ടോറുകളും ജെസിബിയുമെത്തി. യഥേഷ്ടം കുഴിക്കാനും തുടങ്ങി. പാടശേഖരം കുഴിച്ചെടുക്കുന്ന മണല്‍ ഇവിടെ തന്നെ ശുദ്ധീകരിച്ചു മാലിന്യം ഈ പാടശേഖരത്തില്‍ തന്നെ ഉപേക്ഷിച്ചു. 

രാവിലെ 8.30 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് കരാറുകാരന് ഇവിടെ നിന്ന് മണല്‍ കടത്താനുള്ള അനുമതി. അതും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രം. എന്നാല്‍ ഇത് രണ്ടും പലപ്പോഴും അട്ടിമറിച്ചതോടെയാണ് കോടികള്‍ സിലിക്ക മണലിലൂടെ ഒഴുകിയത്. തോന്നുന്ന സമയത്ത് തോന്നുന്ന കണക്കില്‍ കൂറ്റന്‍ വള്ളങ്ങളില്‍ സിലിക്ക മണല്‍ ഇവിടെ നിന്നും പോയപ്പോള്‍ കോടികള്‍ പഞ്ചായത്തിനും നഷ്ടമുണ്ടായി.

ആദ്യമേ തന്നെ തുടങ്ങി ഒത്തുകളി. ആര്‍ക്കും കണ്ടാല്‍ മനസിലാവുന്ന സിലിക്കാ മണലായിട്ട് കൂടി പഞ്ചായത്ത് ഒരു പരിശോധനയും കൂടാതെ വെറും ആറ്റുമണലിന്‍റെ വിലയ്ക്കാണ് ഇത് കരാറുകാരന് നല്‍കിയത്. പിന്നീട് കോയമ്പത്തൂരേക്കള്ള യാത്രക്കിടെ ഒന്നരവര്‍‍ഷത്തിന് ശേഷമാണ് ചെക്ക്പോസ്റ്റില്‍ പിടികൂടിയ മണല്‍ പരിശോധനയ്ക്ക് അയക്കുന്നതും 88 ശതമാനം സിലിക്കയാണെന്ന് കണ്ടെത്തുന്നതും. 

ആര്‍ക്കും പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റാത്ത റോഡ് സൗകര്യമില്ലാത്ത സ്ഥലത്താണ് ഈ കൊള്ള നടക്കുന്നത്. മണല്‍ മുഴുവന്‍ വാരിക്കഴിഞ്ഞ് ഒന്നരമീറ്ററിലേറെ ആഴത്തില്‍ മൂന്നേക്കര്‍ പാടം കുഴിച്ചിട്ടും നിക്ഷേപിച്ചതിന്‍റെ അഞ്ചിലൊന്നുപോലും അവിടെ നിന്ന് കരാറുകാരന് കിട്ടിയില്ല എന്ന് പ‍ഞ്ചായത്ത് പറയുന്നതിലെ കള്ളക്കളിയും ഇതോടെ പുറത്ത് വരികയാണ്.