കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിലെ അന്വേഷണംവേഗത്തിലാക്കിയത് സൈമൺ ബ്രിട്ടോയുടെ ഇടപെടലുകളായിരുന്നു.പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ തുറന്നടിച്ച സൈമൺ ബ്രിട്ടോയുടെ വാക്കുകളാണ് അന്വേഷണത്തിന് ആക്കം കൂട്ടിയത്. വീട്ടിലെ അംഗത്തെ പോലെ കൂടെ കൂട്ടിയ അഭിമന്യുവിന്റെ നഷ്ടം വട്ടവടക്കാർക്ക് ശേഷം ഏറെ ഉലച്ചത് സൈമണ് ബ്രിട്ടോ എന്ന മനുഷ്യനെയായിരുന്നു.

അയാൾക്കവൻ പത്മവ്യൂഹത്തിലെ അഭിമന്യുവായിരുന്നു. അയാളവന് പ്രിയപ്പെട്ട സഖാവും...വയറ് നിറയെ ആഹാരം കഴിക്കാൻ കൊതിച്ചിരുന്ന വട്ടവടക്കാരന്റെ അവസാന അത്താണി. ഇരുട്ടിന്‍റെ മറവിൽ അവൻ പിടഞ്ഞുവീണപ്പോഴും അത് കൊണ്ട് തന്നെ കുറച്ചൊന്നുമല്ല ആ മനസ് പിടഞ്ഞത്.

വട്ടവടയ്ക്കാർക്കും മഹാരാജാസിനുമൊപ്പം തേങ്ങുമ്പോഴും പകുതി ജീവന് മാത്രമായ ആ മനുഷ്യൻ വേറിട്ടു നിന്നു. അറസ്റ്റ് വൈകുന്നതിൽ സിപിഎം നേതാക്കള് അടക്കം മൗനം പാലിച്ചപ്പോള്‍ സൈമണ് ബ്രിട്ടോയുടെ ശബ്ദം മാത്രം ഉയർന്നു കേട്ടു. എസ് ഡി പിഐയെ പൊലീസിന്  ഭയമാണെന്ന്. പൊലീസിന് ഗുരുതര വീഴ്ചയെന്ന് അയാള് തുറന്നടിച്ചു.അഭിമന്യുവിനെ ഇഷ്ടപ്പെട്ടവരുടെ വേദനയും പരാതിയും അന്ന്  സൈമൺ ബ്രിട്ടോയിലൂടെ ലോകം കേട്ടു.

അഭിമന്യു കൊലപാതകകേസിന്റേ വേഗം കൂട്ടുന്നതിൽ സൈമൺ ബ്രിട്ടോയുടെ സാനിധ്യം നിർണായകമായിരുന്നു. പ്രധാന പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിന് അത് ആക്കം കൂട്ടി. ഒടുവിൽ , അവന്‍റെ കൊലപാതകികള് നീതിപീഠത്തിന്റെ വിചാരണയ്ക്കായി കാത്തിരിക്കുന്ന വേളയിൽ പൊടുന്നനെ ആയിരുന്നു ആ വിയോഗം.

ഒരുപാടൊരു പാട് മുറിവുകള് ഏറ്റ് വാങ്ങിയ ആ ഹൃദയത്തിലെ അവസാനമുറിവായിരുന്നു അഭിമന്യു.അഭിമന്യുവിനൊപ്പം,,,, രക്തതാരകമായി  അയാളും മടങ്ങുന്നു.