''2006 ൽ ലക്ഷങ്ങൾ നൽകിയാണ് ഞാൻ യൂണിയനിൽ അംഗത്വമെടുത്തത്. എന്നാൽ എനിക്ക് ജോലി ചെയ്യാനുള്ള അവകാശം ലഭിക്കണമെങ്കിൽ ഞാൻ ഇനിയും ഒന്നരക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് അവർ പറയുന്നത്.'' ചിന്മയി ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.
ചെന്നൈ: മീടൂ വിന്റെ ഭാഗമായി പ്രശസ്ത ഗായിക ചിൻമയി നടത്തിയ വെളിപ്പെടുത്തലുകളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഡബ്ബിംഗ് യൂണിയൻ. കൂടാതെ യൂണിയനിൽ തിരിച്ചെടുക്കണമെങ്കിൽ ഒന്നരലക്ഷം രൂപ പിഴയടയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ചിന്മയി ഇക്കാര്യം പങ്ക് വച്ചത്.
ട്വിറ്റർ അക്കൗണ്ടിൽ ചിന്മയി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ''തമിഴ് നാട്ടിലെ ഡബ്ബിംഗ് ജോലിയിൽ തുടരണമെങ്കിൽ ഞാൻ ഒന്നരലക്ഷം രൂപ പിഴയടയ്ക്കണം. കൂടാതെ മാപ്പ് കത്തിലൂടെ അറിയിക്കുകയും ചെയ്യണം. 2006 ൽ ലക്ഷങ്ങൾ നൽകിയാണ് ഞാൻ യൂണിയനിൽ അംഗത്വമെടുത്തത്. എന്നാൽ എനിക്ക് ജോലി ചെയ്യാനുള്ള അവകാശം ലഭിക്കണമെങ്കിൽ ഞാൻ ഇനിയും ഒന്നരക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് അവർ പറയുന്നത്.''
ചിൻമയി നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ മേഖലയിൽ വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് ചിൻമയി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. നടനും രാഷ്ട്രീയ നേതാവുമായ രാധാരവിയ്ക്കെതിരെ ഒരു സ്ത്രീ നടത്തിയ മീടൂ വെളിപ്പെടുത്തലിനെ ചിന്മയി പിന്തുണച്ചിരുന്നു. ഡബ്ബിംഗ് യൂണിയന്റെ ഭാരവാഹികളിലൊരാളായ രാധാരവിയുടെ പ്രതികാരനടപടിയാണ് തന്നെ പുറത്താക്കിയത് എന്ന് ചിന്മയി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ അംഗത്വം പുതുക്കാത്തത് മൂലമാണ് പുറത്താക്കൽ നടപടി ഉണ്ടായത് എന്നാണ് ഡബ്ബിംഗ് യൂണിയന്റെ വിശദീകരണം.
