140 സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന 2,453 ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി ഒറ്റ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.
www.saudi.gov.sa എന്ന വെബ് പോര്‍ട്ടലില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള 1835 സേവനങ്ങളും വ്യവസായ മേഖലക്കുള്ള 945 ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാണ്. സൗദി സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് ആവശ്യമായ 34 സേവനങ്ങള്‍, സൗദി അറേബ്യയെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി വിഷന്‍ 2030 ന്റെ വിശദ വിവരങ്ങളും ഈ വെബ്‌ പോര്‍ട്ടലില്‍ നിന്ന് ലഭിക്കും.

പരിസ്ഥിതി, വന്യജീവി സംരക്ഷണം, എംപ്ലോയ്‌മെന്റ്, ജുഡീഷ്യറി എന്നിവയെ സംബന്ധിച്ചും രാജ്യത്തെ 420 ലേറെ നിയമങ്ങളും നിയമാവലികളും വരെ ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡയറക്ടറിയും, സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പിലാക്കുന്ന 85 ലേറെ ദേശിയ പദ്ധതികളുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.