അഭയ കേസ്: കോടതിയിലുള്ള വിശ്വാസം നഷ്ടമായതായി സഹോദരൻ ബിജു

തിരുവനന്തപുരം: അഭയ കേസില്‍ കോടതിയിലുള്ള വിശ്വാസവും നഷ്ടമായതായി സഹോദരന്‍ ബിജു. തോമസ് യഥാർത്ഥ പ്രതികൾ പിടിക്കപ്പെടുമെന്നു ഇനി പ്രതീക്ഷയില്ല. അന്വേഷണ സംഘത്തെ പോലെ കോടതിയെയും കാശ് കൊടുത്തു സ്വാധീനിച്ചതായി സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സിസ്റ്റര്‍ അഭയവധക്കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. 

പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം സിബിഐ കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭയ കൊല്ലപ്പെട്ട ദിവസം രാത്രം ഫാദര്‍ ജോസ് പുതൃക്കയില്‍ കോണ്‍വന്‍റില്‍ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 

26 വര്‍ഷം മുന്‍പ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സിബിഐ പ്രതികളാക്കിയ തങ്ങളെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാണിച്ച് പ്രതികളായ വൈദികരും കന്യാസ്ത്രീയും ഏഴ് വര്‍ഷം മുന്‍പാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.