സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദിയെന്നും സിസ്റ്റർ എടുത്തുപറഞ്ഞു. ആവശ്യപ്പെട്ട ആളെ തന്നെ ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും സിസ്റ്റർ മാധ്യമങ്ങളോട് വിശദമാക്കി.
കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ തുടർനടപടികൾക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പ്രതികരണവുമായി സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി. ആവശ്യപ്പെട്ട ആളെ തന്നെ ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും സിസ്റ്റർ മാധ്യമങ്ങളോട് വിശദമാക്കി. മുൻ നിയമസെക്രട്ടറി അഡ്വ. ബി.ജി.ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ഇന്നലെയാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നല്കാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസിലൂടെ തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ പരാതിക്കാരി സിസ്റ്റർ റാണിറ്റ് ഏഷ്യാനെറ്റ് ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി.ജോണിന് അനുവദിച്ച അഭിമുഖത്തിലാണ്, സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായുള്ള നീണ്ടു നീണ്ടു പോകുന്ന കാത്തിരിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം പുറത്ത് വന്നതിനെ പിന്നാലെയാണ് കേസിൽ നിര്‍ണായക വഴിത്തിരിവ്.
