കായംകുളം: ഭര്‍ത്താവിനെ ആക്രമിച്ച സഹോദരനെ യുവതി കറിക്കത്തികൊണ്ട് കുത്തിക്കൊന്നു. യുവതിയെ പോലീസ് അറസ്‌റ് ചെയ്‌തു. പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷി(28)നെ കൊലപ്പെടുത്തിയ കേസിലാണു അഞ്‌ജു(24)വിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
അഞ്‌ജു വാടകയ്‌ക്ക് താമസിക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിനു സമീപം അരുണോദയം വീട്ടില്‍ തിങ്കളാഴ്‌ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: നിരവധി കേസുകളില്‍ പ്രതിയാണു കൊല്ലപ്പെട്ട അജീഷ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച് അഞ്‌ജുവിന്റെ വീട്ടിലെത്തി അജീഷ് വഴക്കുണ്ടാക്കി.
തര്‍ക്കം രൂക്ഷമായതോടെ അജീഷ്, അഞ്‌ജുവിന്റെ ഭര്‍ത്താവ് പ്രശാന്തിനെ വടിവാളുമായി ആക്രമിച്ചു. ഇതിനിടെ അഞ്‌ജു കറിക്കത്തി ഉപയോഗിച്ച് അജീഷിന്റെ പുറത്ത് കുത്തുകയായിരുന്നു. കുത്തേറ്റ അജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്‌ക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണം സംഭവിച്ചു. പുറത്ത് ആഴത്തില്‍ കുത്തേറ്റതാണു മരണ കാരണം.
രാത്രിയില്‍ തന്നെ അഞ്‌ജുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അജീഷിന് അടുപ്പമുള്ള യുവതിക്കു കടമായി നല്‍കിയ പണം തിരികെ ചോദിച്ചതാണു വാക്കുതര്‍ക്കത്തിനു കാരണമായത്.
