ബിരുദധാരിയായ ഇരുപത്തിരണ്ടുവയസുകാരിയും, ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരി സഹോദരിയുമാണ് സ്വന്തംനിലയില്‍ ജീവിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ മുട്ടത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്

ആലപ്പുഴ: വീട്ടുകാരുടെ മതവിശ്വാസം തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന് തോന്നിയ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. ബിരുദധാരിയായ ഇരുപത്തിരണ്ടുവയസുകാരിയും, ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരി സഹോദരിയുമാണ് സ്വന്തംനിലയില്‍ ജീവിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ മുട്ടത്തെ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളെ സ്വതന്ത്ര്യമായി ജീവിക്കാന്‍ കോടതി അനുമതി നല്‍കി.

സംഭവം ഇങ്ങനെ, മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാലാണ് വീടു വിട്ടത് എന്നാണ് മൂത്ത സഹോദരി പറയുന്നത്. ജോലിചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം 22 കാരിയായ കെമിസ്ട്രി ബിരുദധാരിയായ യുവതി ഒരു മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരെ എറണാകുളത്തെ വനിതാഹോസ്റ്റലിലില്‍ നിന്നും കണ്ടെത്തി. നേരിട്ട് കോടതിയില്‍ ഹാജരാകാമെന്ന് പൊലീസിനെ അറിയിച്ച ഇവര്‍ വെള്ളിയാഴ്ച രാവിലെ ഇവര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുന്‍പില്‍ ഹാജരായി. 

.ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്കകൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചത്. യുക്തിവാദ ആശയഗതികളോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും യുവതി കോടതിയില്‍ അറിയിച്ചു. ഇതോടെ പ്രായ പൂര്‍ത്തിയായതോടെ ഇവരെ കോടതി അവരുടെ ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു.

അതേ സമയം കുട്ടികളുടെ മാതാപിതാക്കള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. മക്കളെ മതപരമായി ജീവിക്കാന്‍ നിര്‍ബന്ധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതകളുടെ അച്ഛന്‍ പറഞ്ഞു. മൂത്തമകള്‍ക്ക് വിവാഹം നിശ്ചയിച്ചെന്ന് പറയുന്നതും ശരിയല്ലെന്നും മാതാപിതാക്കള്‍ പറയുന്നു.