നോയിഡ: 18ഉം 14ഉം വയസ് പ്രായമുള്ള സഹോദരിമാരെ വീടിന് പുറത്തുള്ള മരച്ചില്ലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബുലന്ദേശ്വര്‍ സ്വദേശികളായ ലക്ഷ്മി (18), നിഷ (14) എന്നിവരാണ് മരിച്ചത്. നോയിഡ സെക്ടര്‍ 49ല്‍ ഇവര്‍ വാടകയ്‌ക്ക് താമസിക്കുന്ന വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ പുലര്‍ച്ചെ സഹോദരിമാരുടെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി മുതദേഹങ്ങള്‍ കെട്ടഴിച്ച് നിലത്തിറക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. 

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ലക്ഷ്മി 10 ദിവസം മുന്‍പ് ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തിരിച്ചെത്തിയ നിഷയെ അച്ഛന്‍ കുല്‍ഭൂഷണ്‍ ശകാരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ മനോവിഷമത്തില്‍ മക്കള്‍ തൂങ്ങി മരിച്ചതാവാമെന്നാണ് അച്ഛന്‍ പൊലീസിനോട് പറഞ്ഞത്. താനും ഭാര്യയും കിടന്നുറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം വീട്ടിലെ സ്റ്റൂള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതകവും ദുരഭിമാനക്കൊലയും അടക്കമുള്ള എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നിഷ സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു.