ബീജിങ്: ജലവും വായുവും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ഇവ രണ്ടും ഇല്ലാതായികൊണ്ടിരിക്കുകയാണ്. അല്പം ശുദ്ധവായു ലഭിക്കണമെങ്കില്‍ എവിടെയെങ്കിലും അന്വേഷിച്ചു പോകേണ്ട അവസ്ഥയിലേക്കാണ് നാം പോയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചില ആശ്വാസം തരുന്ന കാര്യങ്ങളുമുണ്ട്. മനുഷ്യന് ശ്വസിക്കാനുള്ള ശുദ്ധവായു ഇപ്പോള്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കഴിഞ്ഞു. കോള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടെങ്കിലും സംഭവം സത്യമാണ്. 

ചൈനയിലെ ഷിന്നിങ്, ചിന എന്നീ സഹോദരിമാരാണാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കി ശുദ്ധവായു വിപണിയില്‍ എത്തിച്ചത്. ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നും മറ്റ് പര്‍വ്വതങ്ങളില്‍ നിന്നുമാണ് വില്‍പ്പനയ്ക്കാവശ്യമായ ശുദ്ധവായു ശേഖരിക്കുന്നത്. പായ്ക്കറ്റ് ഒന്നിന് 15 യുവാനാണ് ഏകദേശം ഇന്ത്യയില്‍ 150 രൂപയോളം വരും. ഇതിനോടകം നൂറോളം എയര്‍ ബാഗുകള്‍വിറ്റുവെന്ന് സഹോദരിമാര്‍ പറയുന്നു. ഓണ്‍ലൈനിലൂടെ ഓഡര്‍ നല്‍കിയാലും ആവശ്യക്കാരന് എയര്‍ ബാഗ് ലഭിക്കും. 

ചൈനയിലെ സമൂഹ മാധ്യമമായ വൈയിബോയിലൂടെയാണ് വില്‍പ്പനയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഇവര്‍ വായു ശേഖരിക്കുന്നതിന്റെ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ശുദ്ധവായു വില്‍പ്പന നടത്തുന്നതിനെതിരെ ചില എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്. ഇത്തരം ബാഗുകള്‍ ഉപയോഗിച്ചാല്‍ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാകുമെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.

ചൈനയില്‍ ഇതിന് മുന്‍പും ശുദ്ധവായു വില്‍പ്പന നടത്തിയിരുന്നു. വനസരംക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ സിയാന്‍ ആയിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ സംരംഭത്തിലൂടെ സര്‍ക്കാരിന് 200,000 യുവാന്‍ ലാഭം നേടാന്‍ സാധിച്ചിരുന്നു.