കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന് പൊലീസ് ഉന്നതതല യോഗം അവസാനിച്ചു. നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയതായി ജയിലില്‍നിന്ന് ലഭിച്ച ഫോണ്‍ വിളി തെളിവുകള്‍ നിരത്തിയാകും ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ വിളിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. ഈ തെളിവുകള്‍ മുന്‍നിര്‍ത്തിയാകും ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്‌പി എ.വി ജോര്‍ജ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച തെളിവുകള്‍ യോഗം വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്നത്. വൈകിട്ട് ഏഴു മണിക്കു തുടങ്ങിയ യോഗം നാലുമണിക്കൂറോളം തുടര്‍ന്നു. കേസിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി തന്നെ യോഗം വിശകലനം ചെയ്‌തു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന കൃത്യമായി തെളിയിച്ചശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്റയുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് ഐജി ദിനേന്ദ്ര കശ്യപ് യോഗത്തില്‍ പങ്കെടുത്തത്.
