സീതയെ തട്ടിക്കൊണ്ടുപോയത് രാമന്‍ അബദ്ധം പിണഞ്ഞ് ഗുജറാത്തിലെ പാഠപുസ്തകം

അഹമ്മദാബാദ്: സീതാരാമ കഥ അറിയാത്തവര്‍ ഇന്ത്യയില്‍ ചുരുക്കമായിരിക്കും. ആരാണ് സീതയെ തട്ടിക്കൊണ്ടുപോയതെന്ന് ചോദിച്ചാല്‍ ഏത് കൊച്ചുകു‍ഞ്ഞും പറഞ്ഞേക്കാം അത് രാവണനെന്ന്. എന്നാല്‍ ഗുജറാത്തിലെ ടെക്സ്റ്റ് ബുക്കില്‍ മാത്രം സീതയെ തട്ടിക്കൊണ്ടുപോയത് രാവണനല്ല മറ്റൊരാളാണ്, ശ്രീരാമന്‍. ഗുജറാത്തിലെ 12-ാം ക്ലാസ് സംസ്കൃത ടെക്സ്റ്റ് ബുക്കിലാണ് സീതയെ തട്ടിക്കൊണ്ടുപോയത് രാമനാണെന്ന് നല്‍കിയിരിക്കുന്നത്. പുസ്തകത്തിലെ 106-ാം പേജില്‍ സംസ്കൃത സാഹിത്യത്തെ കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് രാമന്‍ സീതയെ തട്ടിക്കൊണ്ടുപോയെന്ന് പറയുന്നത്. 

കാളിദാസന്‍റെ രഘുവംശത്തിലെ ഒരു ഭാഗത്താണ് രാവണന്‍ എന്നതിന് പകരം രാമന്‍ എന്ന് നല്‍കിയിരിക്കുന്നത്. രാമയണത്തെ ആസ്പദമാക്കിയ കഥകളിലെല്ലാം രാവണനാണ് സീതയെ തട്ടിക്കൊണ്ടുപോകുന്നതെന്നും കാളിദാസന്‍റെ രഘുവംശത്തിലും കഥ മറിച്ചല്ലെന്നും പ്രശസ്ത സംസ്കൃത പണ്ഡിതന്‍ വസന്ത് ഭട്ട് പറഞ്ഞു. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ‍് ഓഫ് സ്കൂള്‍ ടെക്സ്റ്റ് ബുക്ക് പ്രസിഡന്‍റ് നിതിന്‍ പെതാനി, സംഭവം അറിഞ്ഞിട്ടില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും പരിഭാഷയിലുണ്ടായ തെറ്റാണെന്ന് പിന്നീട് സമ്മതിച്ചു .