ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ എതിർക്കാൻ എല്ലാ മതേതര പാർട്ടികളുമായും സഹകരണം വേണമെന്ന് നിർദ്ദേശിക്കുന്ന രേഖ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ തുടങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വച്ചു. പിബി ഭൂരിപക്ഷ നിലപാട് അവതരിപ്പിച്ച പ്രകാശ് കാരാട്ട് എന്നാൽ കോൺഗ്രസുമായി സഹകരണം പോലും വേണ്ടെന്ന് നിർദ്ദേശിച്ചു. യെച്ചൂരിയുടെ നയത്തോട് ഏതാണ്ട് യോജിച്ച തോമസ് ഐസക് ബംഗാളിലെ സാഹചര്യം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ പാർട്ടിയുടെ സമീപനവും മാറണം എന്നു നിർദ്ദേശിക്കുന്ന രേഖയാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ തുടങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്. നരേന്ദ്ര മോദി സർക്കാരിനെ പരാജയപ്പെടുത്താൻ ഇടതു പക്ഷത്തിനു പുറമെയുള്ള എല്ലാ മതേതര കക്ഷികളുമായി സഹകരണം വേണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. മുന്നണിയോ സഖ്യമോ ആവശ്യമില്ല. അതായത് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയില്ലെങ്കിലും സഹകരണം ആവാം. എന്നാൽ കോൺഗ്രസുമായി സഹകരണം പോലും പാടില്ലെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോയുടെ ഭൂരിപക്ഷ നിലപാട് അവതരിപ്പിച്ച് സംസാരിച്ച പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്.

ആദ്യ ദിവസം ചർച്ചയിൽ പശ്ചിമബംഗാൾ ഘടകം യെച്ചൂരിയുടെ നയത്തെ ശക്തമായി പിന്താങ്ങി. മുന്നണി വേണ്ട മതേതരപാർട്ടികളുമായി സഹകരണം ആവാം എന്ന നിലപാട് പാർട്ടിയുടെ സ്വതന്ത്ര വളർച്ചയെ ബാധിക്കില്ലെന്ന് ബംഗാൾ വാദിച്ചു. കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത തോമസ് ഐസക് യെച്ചൂരിയുടെ നയത്തെ തള്ളിക്കളയാത്തത് ശ്രദ്ധേയമായി. ബംഗാൾ സാഹചര്യം കൂടി പരിഗണിക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. രണ്ടു നിലപാടും ചർച്ച ചെയ്ത് വോട്ടെടുപ്പിലൂടെ സിസി തീരുമാനത്തിലെത്തും. പിബി നിലപാടിനോട് ജനറൽ സെക്രട്ടറി വിയോജിച്ചതും അത് അവതരിപ്പിക്കുന്നതിൽ നിന്ന് മാറി നിന്നതും സിപിഎമ്മിൽ അസാധാരണ സാഹചര്യമാണ്.