രാജ്യസഭയിലേക്ക് താൻ വീണ്ടും മത്സരിക്കുന്ന കാര്യം പോളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പി.ബിയിൽ അനുകൂല തീരുമാനം ഉണ്ടാകാനുള്ള നീക്കം സി.പി.എം പശ്ചിമബംഗാൾ ഘടകം തുടങ്ങി. ബീഫ് വിഷയത്തിൽ പിണറായി വിജയന്റെ യോഗത്തിന് ഏതൊക്കെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്നും പി.ബി ആലോചിച്ചേക്കും.

രാജ്യസഭയിലേക്ക് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കണമെന്ന പ്രമേയം പാർട്ടി പശ്ചിമ ബംഗാൾ സംസ്ഥാന സമിതി ഇന്നലെ പാസാക്കി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചിരുന്നു. ഇക്കാര്യത്തിൽ പി.ബിയുടെ മുൻ നിലപാട് തള്ളിയുള്ള സംസ്ഥാനഘടകത്തിന്റെ നീക്കം കേന്ദ്ര നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷം ജനറൽ സെക്രട്ടറി സ്ഥാനവും രാജ്യസഭാ നേതൃസ്ഥാനവും ഒന്നിച്ച് കൊണ്ടു പോകാൻ യെച്ചൂരിക്ക് കഴിഞ്ഞെങ്കിൽ ഇനിയും അത് തുടരാവുന്നതേയുള്ളു എന്നാണ് ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നവരുടെ വാദം. മത്സരത്തിനില്ല എന്ന നിലപാട് യെച്ചൂരി ഇന്ന് മയപ്പെടുത്തി. സാധാരണ പാർട്ടി ആർ‍ക്കും രാജ്യസഭയിലേക്ക് മുന്നാംവട്ടം നല്കാറില്ലെന്നും എന്നാൽ പി.ബി ഇക്കാര്യം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.

പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയാണ് യെച്ചൂരിയുടെ ഈ വാക്കുകൾ നല്കുന്നത്. യെച്ചൂരി മത്സരിക്കാൻ തയ്യാറാവുന്നത് പി.ബിയിലെ ചർച്ചകളെ സ്വാധീനിക്കും. ബീഫ് വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ മമതാ ബാനർജിയെ വിളിക്കുന്നതിനോട് ബംഗാൾ നേതാക്കൾക്ക് യോജിപ്പില്ല. ഒപ്പം ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ നിലപാടും പ്രധാനമാണ്. അതിനാൽ വിഷയം പി.ബിയിലോ അതിനിടയിലോ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ നല്കുന്ന സൂചന.