ദില്ലി: കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയധാരണപോലും പാടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്ന സീതാറാം യെച്ചൂരിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിന് പ്രകാശ് കാരാട്ട് നല്‍കിയ ബദല്‍ രേഖക്കാണ് പൊളിറ്റ് ബ്യൂറോയുടെ പിന്തുണ നല്‍കിയത്. കാരാട്ടിന്റെ രേഖ പിബി രേഖയായി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കും. പിബി തള്ളിയ സീതാറാം യെച്ചൂരിയുടെ രേഖയും കേന്ദ്രകമ്മിറ്റിയിലെത്തും. ചര്‍ച്ചകള്‍ തുടരുകയാണെന്ന് പിബിയുടെ വാര്‍ത്താക്കുറിപ്പ്.

നേരത്തെ യെച്ചൂരിയുടെ കരട് രേഖ പി.ബിയും കേന്ദ്ര കമ്മിറ്റിയും തള്ളിയിരുന്നു. എന്നാല്‍ രേഖയില്‍ ഭേദഗതി വരുത്തി വീണ്ടും പി.ബിയില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതും പി.ബി തള്ളുകയായിരുന്നു. മതേതര പാര്‍ട്ടികളുമായി സഹകരണം എന്ന നിലപാട് തിരുത്തി യെച്ചൂരി അടവുനയം എന്നാക്കിയെങ്കിലും ഒരുതരത്തിലുള്ള ധാരണയും പാടില്ലെന്ന ബദല്‍ രേഖയാണ് കാരാട്ട് നല്‍കിയത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി ഭിന്നത ഒഴിവാക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലക്ക് സിസിയിലെ ചര്‍ച്ചകൂടി പരിഗണിച്ച് രേഖ പുതുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് രേഖ തയ്യാറാക്കിയ ജന.സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്ന പിബി ഭൂരിപക്ഷ നിലപാട് അംഗീകരിച്ചു. യെച്ചൂരിയുടെ രേഖയിലെ പ്രധാന നിര്‍ദ്ദേശം ഇങ്ങനെയാണ്. ബൂര്‍ഷ്വ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ ആര്‍.എസ്.എസ്- ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുക എന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റാന്‍ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം രൂപീകരിക്കും. അതായത് സഖ്യമോ മുന്നണിയോ ഇല്ലാത്തപ്പോള്‍ തന്നെ അടവുനയത്തിനും ധാരണക്കും ഈ രേഖ ഇടം നല്‍കുന്നു.

ഇതിനെ പ്രതിരോധിച്ചാണ് പ്രകാശ് കാരാട്ടും എസ്.ആര്‍.പിയും നല്‍കിയ ബദല്‍ രേഖയില്‍ അടവുനയമോ ധാരണയോ പോലും പാടില്ലെന്ന് നിര്‍ദേശിച്ചത്. പാര്‍ടിയിലെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമാണ് കാരാട്ടിന്റെ നീക്കമെന്ന് യെച്ചൂരി പക്ഷം വാദിക്കുന്നു. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന യെച്ചൂരി ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി കൂട്ടുകൂടാമെന്ന പാര്‍ടി ധാരണ പോലും വേണ്ടെന്ന് രേഖയില്‍ എന്തിന് എഴുതണമെന്നാണ് കാരാട്ട് വിരുദ്ധരുടെ ചോദ്യം.