ദില്ലി: കോണ്‍ഗ്രസുമായി എന്തെങ്കിലും സഖ്യമുണ്ടാക്കണമെങ്കില്‍ ഇനി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലേ തിരുമാനിക്കാനാകൂ എന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാഹചര്യങ്ങള്‍ വിലയിരുത്തി മാറാത്തവര്‍ മാര്‍ക്‌സിസ്റ്റല്ലെന്നും യെച്ചൂരി പറഞ്ഞു. പിണറായിയും വിഎസും ചേര്‍ന്നുള്ള കൂട്ടായ മുഖമാണ് കേരളത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതെന്നും യെച്ചൂരി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം സഹകരണം മറനീക്കി പുറത്തു വരുമ്പോഴാണ് ഇതു നയവ്യതിയാനമല്ലെന്ന വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമോ കൂട്ടുകെട്ടോ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നു സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇത് മാറ്റണമെങ്കില്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കണം.
സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മാര്‍ക്‌സിസത്തിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ ജനങ്ങള്‍ തൃണമൂല്‍ വിരുദ്ധ നിലപാട് എടുക്കുന്നതു കോണ്‍ഗ്രസ് സഹകരണമായി കാണേണ്ടതില്ലെന്നു യെച്ചൂരി വിശദീകരിച്ചു. പശ്ചിമബംഗാളില്‍ തൂക്കു നിയമസഭ വന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന സൂചന നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോടു സംസാരിക്കവേ യെച്ചൂരി നല്‍കിയിരുന്നു

കേരളത്തില്‍ പിണറായി വിജയനും ജനങ്ങളുടെ പ്രതീകമാകാന്‍ കഴിഞ്ഞുവെന്നു യെച്ചൂരി വ്യക്തമാക്കി. വി.എസ് സ്ഥിരതയുള്ള നിലപാടുകളിലൂടെ ജനങ്ങളെ ആകര്‍ഷിക്കുന്നു. രണ്ടു പേരും ചേര്‍ന്നുള്ള കൂട്ടായ മുഖമാണു പാര്‍ട്ടിക്കുള്ളതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

കോണ്‍ഗ്രസ് സഹകരണത്തിനെതിരെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് കൊണ്ടു വന്ന നയരേഖ മാറ്റാനുള്ള നീക്കം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന സൂചന കൂടിയാണു സിപിഎം ജനറല്‍ സെക്രട്ടറി നല്‍കുന്നത്.