ദില്ലി: ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും യെച്ചൂരി പറഞ്ഞു. ലാവലിന്‍ കേസിന്‍റെ തുടക്കം മുതല്‍ സിപിഎം എടുത്ത നിലപാട് ശരിയാണെന്ന് കോടതി വിധി വന്നതോടെ വ്യക്തമായതായും സീതാറാം യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.
പിണറായി വിജയനെ മനപ്പൂര്‍വ്വം വേട്ടയാടി എന്ന കോടതി നിരീക്ഷണം സിപിഎം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം രാഷ്ട്രീയമായും നിയമപരമായും നേരിട്ട കേസാണ് ലാവലിനെന്നും യെച്ചൂരി പറഞ്ഞു. കേസില്‍ പിണറായിയെ തിരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുകയായിരുന്നു.
