Asianet News MalayalamAsianet News Malayalam

സൗമ്യകേസിലെ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

Six Judge Bench To Consider Curative Petition In Saumya Rape And Murder Case
Author
First Published Apr 27, 2017, 12:44 AM IST

ദില്ലി: സൗമ്യവധക്കേസിലെ വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ.ചെലമേശ്വര്‍ എന്നിവര്‍ കൂടി ഉൾപ്പെട്ട ആറംഗ ബെഞ്ചാണ് തിരുത്തൽ ഹര്‍ജി പരിഗണിക്കുക
 
സൗമ്യയുടെ മരണത്തിന് ഗോവിന്ദസ്വാമി നേരിട്ട് ഉത്തരവാദിയല്ല എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഗോവിന്ദസ്വാമിക്ക് നൽകിയ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയത്. ബലാൽസംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. അതിന് ശേഷം സര്‍ക്കാര്‍ നൽകിയ തിരുത്തൽ ഹര്‍ജിയാണ് കോടതി ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് പരിഗണിക്കുക. 

കേസിൽ വിധിപറഞ്ഞ ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, യു.യു.ലളിത്, പി.സി.പന്ഥ് എന്നിവര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍ എന്നിവരടങ്ങിയ ആറംഗ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ 15 മിനിറ്റ് സമയമാണ് തിരുത്തൽ ഹര്‍ജി പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുന്നത്. 2011 ഫെബ്രുവരി 1നാണ് ട്രെയിൻ യാത്രക്കിടെയാണ് സൗമ്യ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. 

നവംബര്‍ 11ന് വിചാരണ കോടതി ഗോവിന്ദസ്വാമിക്ക് വധശിക്ഷ നൽകി. 2013 ഡിസംബര്‍ 17ന് വധശിക്ഷ കേരള ഹൈക്കോടതിയും ശരിവെച്ചു. കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ സൗമ്യയുടെ മരണത്തിന് ഗോവിന്ദസ്വാമി തന്നെയാണ് ഉത്തരവാദി എന്ന് തെളിയിക്കാൻ സര്‍ക്കാരിന് സാധിച്ചില്ല. 

ഇതേ തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 15ന് ഗോവിന്ദസ്വാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. സര്‍ക്കാര്‍ നൽകിയ തിരുത്തൽ ഹര്‍ജി കൂടി തള്ളിയാൽ പിന്നീട് ഗോവിന്ദസ്വാമിക്കെതിരെ സര്‍ക്കാരിന് മുന്നിൽ മറ്റ് വഴികളില്ല.

 

Follow Us:
Download App:
  • android
  • ios