ദില്ലി: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണത്തിനെത്തിയ ആറംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. സൗത്ത് ദില്ലിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലായിരുന്നു റെയ്ഡ്. ഞായറാഴ്ച രാവിലെ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മിതേഷ് കുമാര്‍, നൗന്‍ഹ്യാല്‍,യോഗേഷ് കുമാര്‍,ഗോവിന്ദ് ശര്‍മ,അമിത് അഗര്‍വാള്‍,പര്‍വിന്ദര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 ഇലക്ട്രോണിക് സാധനങ്ങളുടെ വ്യവസായിയായ രമേഷ് ചന്ദിന്റെ വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഹരിയാന സര്‍ക്കാരിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച രണ്ട് കാറുകളിലായാണ് സംഘമെത്തിയത്. 20കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും അതിനെ കുറിച്ച് അന്വേഷിക്കാനാണ് തങ്ങളുടെ വരവ് എന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണുകളും മറ്റും ഇവര്‍ വാങ്ങിവച്ചു.

 വീട്ടില്‍ നിന്ന് 20ലക്ഷം രൂപ കൈക്കലാക്കുകയും അത് അവരുടെ വാഹനത്തില്‍ കൊണ്ടുപോയി വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രമേഷിന്റെ മകള്‍ മിത്ര, സെക്യൂരിറ്റി ജീവനക്കാരനായ സഞ്ജയ് റാവുവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് റാവു വീടിനകത്ത് എത്തുകയും ആറംഗ സംഘത്തോട് വിവരങ്ങള്‍ ചോദിക്കാനും തുടങ്ങി. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ ലാമിനേറ്റ് ചെയ്ത ഒരു കാര്‍ഡ് തിരിച്ചു വയ്ക്കുകയായിരുന്നു. ഇവരെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

 റെയ്ഡ് കാണാനെത്തിയ സമീപവാസികളായ 150 ഓളം ആളുകള്‍, ഉദ്ദ്യോഗസ്ഥര്‍ വ്യാജന്മാരാണെന്ന് അറിഞ്ഞതോടെ അവരെ കൈകാര്യം ചെയ്തു. ഇതിന് ശേഷം പോലീസിന് കൈമാറി. ഇവര്‍ വ്യാജന്മാരാണെന്ന് സൗത്ത് ദില്ലി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്‍മോയി ബിസ്വാള്‍ പറഞ്ഞു. നാട്ടുകാര്‍ പ്രതികളെ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…