കർണാടക: കർണാടകയിലെ കൊപ്പാലിൽ മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നി​ഗമനം. ഈ കുടുംബം വൻസാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു.  നാൽപത്തിരണ്ടുകാരനായ ഷെഖരിയാ ബീഡ്നൽ, ഭാര്യ  ജയമ്മ, ബസമ്മ, ​ഗൗരമ്മ, സാവിത്രി, പാർവ്വതി എന്നിവരാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരിൽ 23 വയസ്സുള്ള ബസ്സമ്മയും 20 വയസ്സുള്ള ബരമ്മയും വിവാഹിതരാണ്.

തൂങ്ങിമരിച്ച നിലയിലാണ് ​ഗൃഹനാഥനായ ഷെഖരിയായുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയതിന് ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. കൃഷിയ്ക്കായി ഈ കുടുംബം ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ വിളവ് നഷ്ടമായതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ ഷെഖരിയായ്ക്ക് സാധിച്ചിരുന്നില്ല.സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.