കൊച്ചി: മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അടക്കമുള്ളവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം കോളേജില്‍ നടന്ന പരിശോധനക്കിടെ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയവരും പുറത്താക്കപ്പെട്ടവരിലുണ്ട്.
സദാചാര പൊലീസ് ചമയുന്നെന്നാരോപിച്ച് ജനുവരി 19നാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയുടെ കസേര കത്തിച്ചത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ സംഭവം. സംഭവത്തില്‍ അന്വേഷണം നടത്തിയ മൂന്നംഗ കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോളേജ് കൗണ്‍സിലിന്റെ നടപടി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ ദിനേശ്, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിഷ്ണു, പ്രജിത്, അഫ്രീദി എന്നിവരെയാണ് പുറത്താക്കിയത്.
കഴിഞ്ഞ ദിവസം കോളേജില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പ്രിന്‍സിപ്പലിനോട് കൗണ്‍സില്‍ നിര്‍ദേശിച്ചു. കസേര കത്തിക്കാന്‍ ചില അധ്യാപകര്‍ പ്രേരണ നല്‍കിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രിന്‍സിപ്പല്‍ കോളേജ് ഡയറക്ടറോട് ആവശ്യപ്പെടും. കസേര കത്തിച്ച സംഭവത്തില്‍ വിഷ്ണു, അഫ്രീദി, പ്രജിത് എന്നിവരെ എസ്.എഫ്.ഐ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
