കുഴൽക്കിണറിന്റെ പത്തടി താഴ്ചയിൽ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി.  മകനെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനിലാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ കണ്ടെത്തിയത്. 

മുംബൈ: 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറ് വയസ്സുകാരനെ രക്ഷിച്ചു. 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് 70 കിലോമീറ്റർ അകലെയുള്ള ​ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നത്.

വീടിന് സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കാൽതെറ്റിയാണ് മൂടിയില്ലാത്ത കുഴൽക്കിണറിൽ വീണത്. കുഴൽക്കിണറിന്റെ പത്തടി താഴ്ചയിൽ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. മകനെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനിലാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ കണ്ടെത്തിയത്. 

പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) സ്ഥലത്തെത്തി. പിന്നീട് പൊലീസും സേനയും ചേർന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനുശേഷം പുലർച്ചെയാണ് കുട്ടിയെ രക്ഷിച്ചത്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴികുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.