ജയ്പൂര്‍: രാജസ്ഥാനിലെ സ്‌കൂളില്‍ ആറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. രണ്ടാം ക്ലാസുകാരിയാണ് ലൈംഗീക പീഡനത്തിനിരയായത്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവരങ്ങള്‍ പുറത്തുവരികയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പീഡനം എന്നാണ് നടന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്തവിധം അവശയാണ് കുട്ടിയെന്നും പോലീസ് പറഞ്ഞു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കനത്ത മുറിവേറ്റതായി കണ്ടെത്തി. ക്രൂരമായ പീഡനത്തിന് ഇരയായിട്ടുമെണ്ടന്നാണ് പോലീസ് നിഗമനം.
ദില്ലിയില്‍ അഞ്ചു വയസ്സുകാരിയെ സ്‌കൂളില്‍ പ്യൂണ്‍ പീഡിപ്പിച്ച സംഭവത്തിനും ഗുര്‍ഗ്രാമില്‍ ഏഴുവയസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെയാണ് രാജസ്ഥാനിലും അതിക്രമം ഉണ്ടായിരിക്കുന്നത്.
