10 വര്‍ഷത്തിനുശേഷം ഔട്ട്പാസിലൂടെ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സിയാദിനെ എയര്‍പോര്‍ട്ട് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനാലും, അവശത കണ്ടതുകൊണ്ടുമാണ് യാത്രാ അനുമതി നിഷേധിച്ചത്. 30 വര്‍ഷം മുമ്പാണ് കണ്ണൂര്‍ പാപ്പിനശ്ശേരി സ്വദേശി മുഹമ്മദ് സിയാദ് ദുബായിലെത്തിയത്. സ്വന്തമായി ഗ്രോസറി നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന് കച്ചവടം ഉദ്ദേശിച്ച രീതിയില്‍ നടക്കാതായതോടെ കടക്കെണിയിലായി. പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കാലാവധി അവസാനിച്ചു. ഇതേതുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. ഒടുവില്‍ ഔട്ട്പാസ് കിട്ടിയപ്പോഴേക്കും യാത്രചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നില്ല.

ഷാര്‍ജയിലെ കുവൈത്ത് ഹോസ്‌പിറ്റലിലാണ് 62കാരനായ സിയാദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രമേഹമുള്ളതിനാലും ചികിത്സതേടാത്തതുകൊണ്ടും നാല് മാസംമുമ്പ് കാല്‍പാദത്തിനു പറ്റിയ മുറിവ് മൂര്‍ച്ഛിരുന്നു. നാലുവിരലുകള്‍ ഇതിനകം മുറിച്ചുമാറ്റി. 45 ദിവസത്തെ ആശുപത്രിവാസത്തിനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിയാദിന്റെ കടങ്ങള്‍ വീട്ടി നാട്ടിലേക്ക് കയറ്റി വിടാന്‍ കെ.എം.സി.സി കണ്ണൂര്‍ ഘടകവും സാമൂഹ്യപ്രവര്‍ത്തകന്‍ ഫൈസലുമാണ് മുന്നിട്ടിറങ്ങിയത്. ഒരുലക്ഷം ദിര്‍ഹം ഇതിനകം ചിലവഴിച്ചു. നാട്ടിലേക്കു യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ ഇനി ചുരുങ്ങിയത് 60,000 ദിര്‍ഹമെങ്കിലും വേണം. ഈ തുകകണ്ടെത്താനാവതെ വിഷമിക്കുകയാണ് മൂഹമ്മദ് സിയാദും സുഹൃത്തുക്കളും.