ഇടുക്കി: ഇടുക്കി ഏലപ്പാറക്കു സമീപം ഏലത്തോട്ടത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. നാലു മാസത്തിലധികം പഴക്കമുള്ളതാണ് അസ്ഥികൂടം.ആത്മഹത്യ ചെയ്തയാളുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിലെ ഏലപ്പാറക്കും മേമലക്കും ഇടയിലുള്ള ഏലത്തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കട്ടപ്പന - കുട്ടിക്കാനം റോഡിൽ നിന്നും 200 മീറ്ററോളം അകലെയാണിത്.

ടൈഫോർഡ് എസ്റ്റേറ്റിൻറെ ഭാഗമാണ് ഏലത്തോട്ടം. വിറകു ശേഖരിക്കാൻ ഇവിടെയെത്തിയ തോട്ടം തൊഴിലാളിയാണ് നിലത്തു വീണു കിടന്നിരുന്ന തലയോട്ടിയും എല്ലുകളും കണ്ടത്. ഇയാൾ വിവരം തോട്ടം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പീരുമേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മരക്കൊമ്പിൽ പ്ലാസ്റ്റിക് കയർ കെട്ടിയിരുന്നതായി കണ്ടെത്തി.

അതിനാൽ ആരെങ്കിലും ഇവിടെ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.ഷർട്ടും കൈലിമുണ്ടും അസ്ഥികൂടത്തോടൊപ്പമുണ്ടായിരുന്നതിനാൽ മരണമടഞ്ഞത് പുരുഷനാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മരിച്ച ആളെ കണ്ടത്താനാണ് പൊലീസിൻറെ തീരുമാനം. പ്രദേശത്തു നിന്നും കാണാതായ ആളുകളെ സംബന്ധിച്ച വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്.