ആലപ്പുഴ: വിധവകളുടെയും അവിവാഹിതരായ അമ്മമാരുടേയും സാമ്പത്തിക ഉന്നമനത്തിനും നൈപുണ്യ വികസനത്തിനും ശാക്തീകരണത്തിനുമായി ദീപം പദ്ധതിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വിധവകള്‍ക്കായി തൊഴിലധിഷ്ഠിത പരിശീലന പദ്ധതി നടപ്പാക്കുന്നത്.
ആലപ്പുഴ ജില്ലയെ മാതൃകയാക്കി മറ്റ് ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിക്കാനാണ് സാമുഹ്യനീതി വകുപ്പും ലക്ഷ്യമിടുന്നത്.
250 പേരെയാണ് പ്രാരംഭഘട്ടത്തില്‍ തൊഴില്‍ പരിശീലിപ്പിക്കുന്നത്. അഞ്ച് വ്യത്യസ്ത മേഖലകളില്‍ വിധവകളായ വനിതകള്‍ക്ക് പദ്ധതി പ്രകാരം പരിശീലനം നല്‍കും. വസ്ത്ര നിര്‍മാണം, ബേക്കറി ഉത്പാദനം, എംബ്രോയ്ഡറി, പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം, ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത്.
സാമുഹിക നീതി വകുപ്പിന് കീഴില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭം തുടങ്ങാനും പ്രവര്‍ത്തനം തുടരാനുമുള്ള എല്ലാ സഹായങ്ങളും പദ്ധതി ഉറപ്പുനല്‍കുന്നുണ്ട്. സാധാരണ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പദ്ധതികളിലായാണ് നടപ്പിലാക്കുന്നത്. 12 ബ്ലോക്കുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
