മഴയും വെയിലുമേല്‍ക്കാതെ രോഗികള്‍ക്ക് വിവിധ വാര്‍ഡുകളിലേക്ക് സഞ്ചരിക്കാമെന്നതാണ് ആകാശ ഇടനാഴിയുടെ പ്രത്യേകത. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ ചികിത്സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന നൂറ് കണക്കിന് രോഗികളുടെയും സ്വപനമായിരുന്നു അത്. എക്‌സറേ എടുക്കാന്‍, അല്ലെങ്കില്‍ ഓപ്പറേഷന്‍ തിയറ്റിറിലേക്ക് മഴയും വെയിലും കൊള്ളാതെ വാര്‍ഡില്‍ നിന്ന് സഞ്ചരിക്കാന്‍ കഴിയണമെന്ന്. പലപ്പോഴും സ്‌ട്രെച്ചറുകളും വീല്‍ച്ചെയറിലും രോഗികളെ കയറ്റി വാഹനങ്ങള്‍ക്കിടയിലൂടെ പൊള്ളുന്ന വെയിലത്തായിരുന്നു കൊണ്ടുപോയിരുന്നത്. ആകാശ ഇടനാഴി തുറക്കുന്നതോടെ ആ ദുരിത കാലം അവസാനിക്കുകയാണ്. ഇനി ഒപി ടിക്കറ്റിനായി മണിക്കൂറുകളോളമുള്ള കാത്തിരിപ്പാണ് മറ്റൊരു കടമ്പ അതിനും സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇരുനിലകളിലായാണ് ആകാശ ഇടനാഴി പണിതിരിക്കുന്നത്. അഞ്ച് കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കാന്‍ സാമ്പത്തിക സഹായം അനുവദിച്ചത് ഇന്‍ഫോസിസ് ഫൗണ്ടേഷനാണ്. 107 മെട്രിക് ടണ്‍ സ്റ്റീല്‍ ബാറുകള്‍ വേണ്ടി വന്നു ഇടനാഴിയുടെ നിര്‍മ്മാണത്തിന്. ബ്‌ളഡ് ബാങ്ക്, എക്‌സ് റേ യൂണിറ്റ്, ഒ പി കൗണ്ടര്‍ എന്നിവിടങ്ങളിലേക്കെല്ലാം പുതിയ ഇടനാഴി വഴി സഞ്ചരിക്കാം.