ഹരിയാന: ഉത്തരേന്ത്യയില്‍ അറവുലകള്‍ക്കും ഇറച്ചി വില്‍പ്പനശാലകള്‍ക്കുമെതിരെയുള്ള അക്രമം വ്യാപിക്കുന്നു.യുപിക്ക് പുറകെ ഹരിയാനയിലെ ഗുരുഗ്രാമത്തില്‍ കെഎഫ്‌സി ഔട്ട്‌ലറ്റ് ഉള്‍പ്പടെ 500 ഇറച്ചിവില്‍പ്പനശാലകള്‍ ശിവസേന പ്രവര്‍ത്തകര്‍ അടപ്പിച്ചു. അനധികൃത അറവ് ശാലകള്‍ക്ക് എതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആക്രമങ്ങള്‍ വര്‍ധിച്ചത്.
അനധികൃത അറവ് ശാലകള്‍ക്ക് എതിരെ മാത്രമേ നടപടി ഉണ്ടാകൂ എന്നാണ് സര്‍ക്കാരിന്റെ വാദം. അറവുശാലകള്‍ക്കും ഇറച്ചി വില്‍പ്പനശാലകള്‍ക്കുമെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ കടകടച്ചുള്ള പ്രതിഷേധസമരം തുടരുന്നതിനിടെയാണ് ഇറച്ചിക്കടക്കള്‍ക്ക് എതിരെയുള്ള സമരം വ്യാപിക്കുന്നത്.
ചൊവ്വാഴ്ച ഇറച്ചി വില്‍ക്കുന്നത് മതാചാരങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിയാനയിലെ ഗുരുഗ്രാമത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് ഉള്‍പ്പടെ 500 ഇറച്ചിവില്‍പ്പന ശാലകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചത്. നവരാത്രി ഉത്സവസമയത്ത് ഇറച്ചിവില്‍പ്പനശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ചൊവ്വാഴ്ചകള്‍ ഇറച്ചിക്കടകള്‍ തുറക്കരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
ഇതിനിടെ ഉത്തര്‍പ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന ത്സാര്‍ഖണ്ഡ് ഛതീസ്ഗഡ് രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും അനധികൃത അറവ് ശാലകള്‍ക്ക് എതിരെ നടപടി തുടങ്ങി. ഇറച്ചി വ്യാപരികള്‍ സമരം തുടരുന്നതിനിടെ അനധികൃതമായ കടകള്‍ മാത്രമേ പൂട്ടുവെന്നാവര്‍ത്തിച്ച സംസ്ഥാനാസര്‍ക്കാര്‍ രംഗത്തെത്തി. സംസ്ഥാനത്ത് 44 അംഗീകൃത അറവു ശാലകളാണുള്ളത്. ആയിരത്തോളം അറവുശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. സര്‍ക്കാരിന്റ നിലപാട് മാറ്റണമെന്നും ആശങ്ക അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
