ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ വഴിച്ചേരിയിലുള്ള ആധുനിക അറവുശാല നഗരത്തിന്റെ മാലിന്യത്തൊട്ടിയായിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. ഒരുകോടി രൂപ മുടക്കി 2006 ല്‍ ഉദ്ഘാടനം കഴിഞ്ഞ നഗരസഭയുടെ ആധുനിക അറവുശാല ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജീര്‍ണ്ണാവസ്ഥയിലാണ്. അറവുമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് സ്വീകരിച്ച പദ്ധതികള്‍ പരാജയപ്പെട്ടതുമൂലമാണ് അറവുശാല അടച്ചുപൂട്ടിയത്. 

കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, നൂതന മാലിന്യ സംസ്‌ക്കരണം എന്നിവ നടപ്പിലാക്കിയെങ്കിലും ഏതാനും ആഴ്ചകളുടെ ആയുസ്സ് മാത്രമാണ് അറവുശാലയ്ക്ക് ഉണ്ടായത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ് അറവുശാല നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്നത്. മാലിന്യം സംസ്‌ക്കരിക്കുന്നതിന് സ്ഥാപിച്ച പദ്ധതികളില്‍ വന്ന പാളിച്ചയാണ് അറവുശാല അടച്ചുപൂട്ടാന്‍ കാരണമായത്. 

തുടക്കത്തില്‍ ഒരേ സമയം 50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌ക്കരിക്കുന്നതിനുമുള്ള സൗകര്യമാണ് തയ്യാറാക്കിയത്. എന്നാല്‍ ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയത് പ്രതിസന്ധിക്ക് കാരണമായി. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ പണം ചെലവഴിച്ചിരുന്നു. എന്നാല്‍ മാലിന്യ സംസ്‌ക്കരണത്തില്‍ വന്ന തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. അറവുമാലിന്യം അറവുശാലയ്ക്ക് സമീപം കെട്ടിക്കിടന്ന് പ്രദേശത്ത് ദുര്‍ഗന്ധം നിറഞ്ഞു. തുടര്‍ന്ന് കനാലിലേയ്ക്കും തോട്ടിലേയ്ക്കും ഒഴുക്കി വിട്ട മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. 

പ്രദേശത്ത് ദുര്‍ഗന്ധം നിറഞ്ഞതോടെ സമീപത്ത് ഉണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസ് അവിടെ നിന്നും മാറ്റി. ആധുനിക രീതിയില്‍ കശാപ്പ് നടത്തുന്നതിനുള്ള ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാതെ ആരംഭിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ കാര്യക്ഷമമല്ലായിരുന്നതാണ് അറവുശാലയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്ന്്് മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.എ. ഷുക്കൂര്‍ പറഞ്ഞു. അറവുശാല കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥല സൗകര്യങ്ങളും പരിമിതമായിരുന്നു. കൂടാതെ വെറ്റിനറി സര്‍ജ്ജന്‍മാരുടെ അഭാവവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. 

കഴിഞ്ഞ തദ്ദേശ ഇലക്ഷന്‍കാലത്ത് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അറവുശാലയുടെ നവീകരണം. എന്നാല്‍ അധികാരത്തിലേറി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതിന് വേണ്ടി ചെറുവിരല്‍ അനക്കാന്‍പോലും നഗരസഭയ്ക്കായില്ലന്നാണ് ജനങ്ങളുടെ പ്രതികരണം.