ഉദ്യോഗസ്ഥന്‍റെ വീട്ടിലെ ടൈൽ പണിക്ക് ക്യാംപ് ഫോളോവര്‍മാര്‍ പൊലീസിലെ ദാസ്യപ്പണിയിൽ വീണ്ടും പരാതി
തിരുവനന്തപുരം: പൊലീസിലെ ക്യാമ്പ് ഫോളോവർമാരെ ഉന്നത ഉദ്യോഗസ്ഥർ വീട് പണിക്ക് നിർത്തിയതുമായി ബന്ധപ്പെട്ട് വീണ്ടും പരാതി. എസ്.എ.പി ഡെപ്യൂട്ടി കമാന്റന്റ് പി.വി. രാജുവിനെതിരെയാണ് പുതിയ പരാതി. പി.വി. രാജുവിന്റെ വീട്ടിൽ ടൈൽ പണിക്കും കോൺക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചുവെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിൽ ജോലി ചെയ്യുന്ന സമയത്തും ഇവരെക്കൊണ്ട് ഹാജർബുക്കിൽ ഒപ്പിടിവിപ്പിച്ചു. രേഖകളും ദൃശ്യങ്ങളും സഹിതമാണ് പരാതി. ജോലിക്ക് വീട്ടിലെത്തിച്ചവർക്ക് ഭക്ഷണമോ കൂലിയോ നൽകിയിരുന്നില്ലെന്നും ക്യാമ്പ് ഫോളോവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് പി.വി. രാജു. മറൈൻ എൻഫോഴ്സിലായിരുന്ന സമയത്ത് മണ്ണെണ്ണ വെട്ടിച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരായ കേസ്.
