ദേഹം നിറയെ രോമമുള്ള ഏതോ ജീവി ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണെന്ന് കരുതിയാണ് ആ വിനോദസഞ്ചാരികൾ അതിനെ വടികൊണ്ട് തട്ടിയുണർത്തിയത്. എന്നാൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഒരുകൂട്ടം ചിലന്തികൾ അതിൽനിന്ന് പുറത്തുവന്നത്. ‘ചുരുണ്ട് കിടന്നുറങ്ങുന്ന ഭീകരജീവി’ എന്ന അടിക്കുറിപ്പോടെയാണ് ചിലന്തികളുടെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രണ്ട് സഞ്ചാരികള്‍ ഒരു മലയിടുക്കില്‍ നിന്നും പകര്‍ത്തിയ വീഡിയോ ആണ് പ്രചരിക്കുന്നത്. മെക്സിക്കോയിലെ അലാമോസിലെ കുന്നിന്‍ മുകളില്‍ ട്രക്കിങ്ങിന് എത്തിയ രണ്ട് പേരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പാറയിടുക്കുകളിൽ ചുരുണ്ട് കൂടി ഉറങ്ങുന്ന രോമാവൃതമായ ജീവിയെന്നാണ് വീഡിയോ പകർത്തിയവർ കരുതിയത്.

‘രോമങ്ങളൊക്കെ ഉളള ഈ ജീവി എന്താണെന്ന് അറിയില്ല. പക്ഷേ അത് കിടന്നുറങ്ങുകയാണെന്ന് തോന്നുന്നു,’ വീഡിയോയില്‍ ഒരാള്‍ പറയുന്നു. തുടര്‍ന്ന് എന്ത് ജീവിയാണ് അതെന്ന് അറിയാനായി യാത്രക്കാരില്‍ ഒരാള്‍ കമ്പ് കൊണ്ട് അതിനെ തൊടുകയായിരുന്നു. അപ്പോഴാണ് ഒരുകൂട്ടം ചിലന്തികൾ അതിൽനിന്ന് പുറത്തുവരുന്നതായി കണ്ടത്. ചിലന്തികൾ കൂട് കൂട്ടിയ വലയായിരുന്നു അത്. സഞ്ചാരികൾ വടി കൊണ്ട് തൊട്ടപ്പോള്‍ ചിലന്തിവല പൊട്ടി താഴെ വീഴുകയും ചിലന്തികള്‍ പുറത്തേക്ക് വരികയുമായിരുന്നു.

20 ലക്ഷത്തോളം പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. 1,60000 പേരോളം ഇതുവരെ വീഡിയോ കണ്ടിട്ടിണ്ട്. സെല്ലാര്‍ സ്പൈഡേഴ്സ് അഥവാ ഡാഡി ലോങ് ലെഗ്സ് എന്ന് അറിയപ്പെടുന്ന ചിലന്തി വിഭാഗമാണിത്. വിഷമില്ലാത്ത ഇത്തരം ചിലന്തികളെ സാധാരണ ഗുഹകളിലും പാറക്കെട്ടുകളിലുമാണ് കാണാന്‍ സാധിക്കുക.