ദില്ലി: ട്രെയിനില്‍ റിസര്‍വ്ഡ് കോച്ചില്‍ ഉറക്കത്തിന്റെ സമയം റെയില്‍വെ വെട്ടിക്കുറച്ചു. ഇനി രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ മാത്രമാകും യാത്രികര്‍ക്ക് ലോവര്‍ ബര്‍ത്തില്‍ കിടന്നുറങ്ങാന്‍ സാധിക്കുക.

ബാക്കിയുള്ള സമയങ്ങളില്‍ മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് റെയില്‍വേയുടെ പുതിയ പരിഷ്‌കാരം. പുതുതായി ഇറക്കിയ സര്‍ക്കുലറിലാണ് റെയില്‍വെ ഇക്കാര്യം വ്യക്തമാക്കുന്നത്. 

സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്തു മുതല്‍ രാവിലെ ആറു വരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാന്‍ നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു

ട്രെയിന്‍ ബര്‍ത്തിന്റെ ഉപയോഗം സംബന്ധിച്ച് നിരന്തരം പരാതികള്‍ വന്നതോടെയാണ് റെയില്‍വെയുടെ ഇടപെടല്‍. നേരത്തെ ഉറക്കസമയം രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയായിരുന്നു. 

എന്നാല്‍ ഇരിക്കാന്‍ സാധിക്കാത്ത വിധം ഇത്തരം കോച്ചുകളില്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികള്‍ നിരന്തരം എത്തിയിരുന്നു. പുതിയ സര്‍ക്കുലര്‍ വരുന്നതോടെ സ്ലീപ്പര്‍ സംവിധാനമുള്ള എല്ലാ റിസര്‍വ്ഡ് കോച്ചുകള്‍ക്കും ഇത് ബാധകമായിരിക്കും.