1000 അന്ധവനിതകൾക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന സ്മാർട്ട് കെയ്ന്റെ വിശേഷങ്ങള്‍

കൊച്ചി: 1000 അന്ധവനിതകൾക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന സ്മാർട്ട് കെയ്ന്റെ വിശേഷങ്ങള്‍. കാഴ്ചയില്ലാത്തവരെ സ്മാർട്ട് ആക്കാൻ സ്മാർട്ട് കെയ്ൻ എത്തുകയാണ്. കാഴ്ചശക്തിയില്ലാത്തവർ പണ്ടുമുതലേ നടക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിക്ക് (വൈറ്റ് കെയ്ൻ) ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പുതിയ രൂപവും ഭാവവും പകർന്നാണ് സ്മാർട്ട് കെയ്ൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഡൽഹി ഐഐടിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ സ്മാർട്ട് കെയ്ൻ സൃഷ്ടിച്ചത്.

2005ൽ തുടങ്ങിയ ഗവേഷണങ്ങൾ പത്തുവർഷത്തിലേറെയെടുത്താണ് ഫലപ്രാപ്തിയിലെത്തിയത്. 2016ൽ ഫലപ്രദമായ സ്മാർട്ട് കെയ്ൻ മോഡൽ ഐഐടി പുറത്തിറക്കി. ഇപ്പോൾ ബിസിനസ് സംരഭങ്ങളുമായും സന്നദ്ധസംഘടനകളുമായും കൈകോർത്ത് വ്യാവസായികാടിസ്ഥാനത്തിലും സ്മാർട്ട് കെയ്ന്റെ നിർമ്മാണം തുടങ്ങി.

കാഴ്ചശക്തിയില്ലാത്തവർക്കായി ലോകവിപണിയിൽ ലഭ്യമായ പല ഉപകരണങ്ങൾക്കും സാധാരണക്കാർക്ക് അപ്രാപ്യമായ വിലയായതിനാലാണ് ഏവർക്കും ഉപയോഗപ്രദമായ രൂപത്തിലും വിലയിലുമുള്ള ഒരു ഉപകരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർമാരായ എം. ബാലകൃഷ്ണനും പി.വി.എം റാവുവും പറയുന്നു.

സാധാരണ വൈറ്റ് കയ്ന്റെ അറ്റത്ത് ഘടിപ്പിക്കുന്ന ഒരു ചെറിയ അൾട്രാസോണിക് ഉപകരണമാണ് കെയ്നെ സ്മാർട്ടാക്കുന്നത്. ഈ ഉപകരണം പുറപ്പെടുവിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ വടിയുടെ മുകളിലും താഴെയും മുന്നിലുമുള്ള വസ്തുക്കളിൽ തട്ടി തിരിച്ചുവന്നാണ് ചുറ്റുമുള്ള തടസ്സങ്ങളെ കെയ്ൻ പിടിച്ചയാളെ സ്മാർട്ട് കെയ്ൻ അറിയിക്കുന്നത്. തടസ്സങ്ങളുണ്ടെങ്കിൽ, തരംഗങ്ങൾ എന്തിലെങ്കിലും തട്ടി തിരിച്ചുവന്നാൽ കെയ്ൻ വൈബ്രേറ്റ് ചെയ്യും. വീടിനും കെട്ടിടങ്ങൾക്കുമൊക്കെ അകത്ത് ഒന്നര മീറ്ററിനുള്ളിലും പുറത്ത് മൂന്ന് മീറ്ററിനുള്ളിലുമുള്ള തടസ്സങ്ങളാണ് ഇങ്ങനെ കണ്ടെത്താനാകുക.

ആവശ്യമായ ഓരോ മോഡും കാ‍ഴ്ചശക്തിയില്ലാത്തവർക്കുതന്നെ സ്വയം തിരഞ്ഞെടുക്കാവുന്ന നിയന്ത്രണസംവിധാനവും കെയ്നുണ്ട്. കെയ്ൻ ഒടിയുകയോ മറ്റോ ചെയ്താൽ സ്മാർട്ട് യൂണിറ്റ് ഊരിമാറ്റി വേറെ കെയ്നിൽ പിടിപ്പിക്കാനുമാകും. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന തരം ബാറ്ററിയിലാണ് സ്മാർട്ട് യൂണിറ്റിന്റെ പ്രവർത്തനം. ഒരിക്കൽ ചാർജ്ജ് ചെയ്താൽ ദിവസങ്ങളോളം ഉപയോഗിക്കാം. വെൽകം ട്രസ്റ്റിന്റെ ഫണ്ടിങ്ങും ഡൽഹി കേന്ദ്രമായുള്ള സക്ഷം ട്രസ്റ്റിന്റെ പങ്കാളിത്തവും കൊണ്ട് ഇൻഡസ്ട്രി പാർട്ണറായ ഫോണിക്സ് മെഡിക്കൽ സിസ്റ്റംസാണ് സ്മാർട്ട്കെയ്നെ പൊതു വിപണിയിലെത്തിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തെ ചക്ഷുമതി ട്രസ്റ്റാണ് വിതരണക്കാർ. 2500 രൂപയാണ് വില വരുന്നത്.

ഏഷ്യാനെറ്റ് പ്രേക്ഷകർ നിർദ്ദേശിച്ചവരിൽ നിന്നും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത 1000 അന്ധവനിതകൾക്ക് ഈ സ്മാർട്ട് കെയ്ൻ സൌജന്യമായി നൽകുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ദി സൌണ്ട് ഫോർ സൈറ്റ് എന്ന പരിപാടിയിലൂടെ. സൌത്ത് ഇന്ത്യൻ ബാങ്കാണ് സ്മാർട്ട് കെയ്ൻ സ്പോൺസർ ചെയ്തിരിക്കുന്നത്.