ഇനി കുട്ടികളുടെ കയ്യില്‍ ഫീസ് കൊടുത്ത് വിടേണ്ടതില്ല. വീട്ടിലിരുന്ന് ഒറ്റ ക്ലിക്കില്‍ രക്ഷിതാക്കള്‍ക്ക് ഫീസടക്കാം. ഫീസ് ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനങ്ങള്‍ പല സ്‌കൂളുകളും നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഉപയോഗപ്പെടുത്തിയവര്‍ വിരളമായിരുന്നു. എന്നാല്‍ നവംബര്‍ എട്ടിന് ശേഷം സ്ഥിതി മാറി.

ബസ് ഫീസ്, സ്‌പെഷ്യല്‍ ഫീസ് തുടങ്ങി വിവിധ ഇനം ഫീസുകളുള്ളതിനാല്‍ ഓരോ കുട്ടിയും അടയ്‌ക്കേണ്ട തുക വ്യത്യസ്തമായിരിക്കും. ഈ സങ്കീര്‍ണതയും ചെലവും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ നിന്ന് പല സ്‌കൂളുകളെയും പിറകോട്ടടിക്കുന്നു. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈനായി ഫീസടക്കാനുള്ള സംവിധാനങ്ങള്‍ വിവിധ ബാങ്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ബാങ്കുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെയും രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് സ്‌കൂള്‍ ഫീസടക്കാം.